ഡബ്ലിൻ: ലേണർ ഡ്രൈവർമാർക്ക് നിർദ്ദേശവുമായി റോഡ് സുരക്ഷാ അതോറിറ്റി. വരും ആഴ്ചകളിൽ പുതിയ പെർമിറ്റ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. നവംബർ 1 മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാൽ മൂന്നാമത്തെയോ നാലാമത്തെയോ ലേണർ പെർമിറ്റ് ലഭിക്കില്ല.
നിലവിൽ ഒരു ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്തുകൊണ്ട് അവരുടെ പെർമിറ്റുകൾ ഒന്നിലധികം തവണ പുതുക്കാൻ സാധിക്കും. എന്നാൽ ഇനി മുതൽ ഇതുണ്ടാകില്ല. അടുത്ത മാസം മൂന്നാമത്തെ പെർമിറ്റിന് അപേക്ഷിക്കുന്നവർ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഡ്രൈവിംഗ് ടെസ്റ്റ് എഴുതിയിരിക്കണം. നാലാമത്തെ പെർമിറ്റിനും ഇത് ബാധകമാണ്. നാലാമത്തെ പെർമിറ്റിന് ശേഷം ലേണിംഗ് ടു ഡ്രൈവ് പ്രക്രിയ വഴി വീണ്ടും പെർമിറ്റ് നേടണം. അതേസമയം ഫസ്റ്റ് അല്ലെങ്കിൽ സെക്കൻഡ് ലേണർ പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് നിയമത്തിൽ മാറ്റമില്ല.

