കാഠ്മണ്ഡു : നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരണം 126 ആയി . 188 പേര്‍ക്ക് പരിക്കേറ്റു . റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നാശമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ ആറരയോടെയായിരുന്നു ഭൂചലനമെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണുണ്ടായത്. ഇതിനു പിന്നാലെയാണ് നേപ്പാളിലെ ഭൂചലനം.
ദുരന്തത്തില്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായും പരിക്കേറ്റവര്‍ക്കായും പ്രാര്‍ത്ഥിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ എക്സില്‍ കുറിച്ചു.
ഇനിയും തുടര്‍ചലന സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രില്‍ 25ലെ വന്‍ ഭൂചലനത്തില്‍ നേപ്പാളില്‍ കനത്ത നാശമുണ്ടായിരുന്നു. 9,000 പേരാണ് അന്ന് മരിച്ചത്. 10 ലക്ഷം കെട്ടിടങ്ങള്‍ക്കു നാശവുമുണ്ടായി.