അബുദാബി : ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണത്തെ ചെറുത്ത് പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് യുഎഇ ഉപപ്രധാനമന്ത്രി ഹംദാൻ ബിൻ മുഹമ്മദ്. മച്ചാർ നടത്തിയ പോരാട്ടത്തെ ഹംദാൻ പ്രശംസിച്ചു.
“ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സന്ദർശിച്ച വേളയിൽ… മനുഷ്യജീവിതത്തോടുള്ള ഉയർന്ന ധൈര്യവും ഉത്തരവാദിത്തവും കരുതലും പ്രകടിപ്പിച്ച ഫ്ലൈദുബായ് പൈലറ്റ്. ഞങ്ങളിൽ നിന്നും, രാജ്യത്തിന്റെ നേതൃത്വത്തിൽ നിന്നും, അദ്ദേഹത്തിന് പൂർണ്ണമായ അഭിനന്ദനവും പ്രശംസയും ഉണ്ട്. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു… നമ്മുടെ രാജ്യത്തിന്റെ കഥയുടെ ഭാഗമാണ്… യുഎഇ നിലകൊള്ളുന്നതിന്റെ ഭാഗമാണ്… കാരുണ്യത്തിന്റെ രാഷ്ട്രം… സമാധാനത്തിന്റെ രാഷ്ട്രം… ജീവിതത്തിന്റെ രാഷ്ട്രം,” ഹംദാൻ എക്സിലെ പോസ്റ്റിൽ കുറിച്ചു. ഒപ്പം മച്ചാറിനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു. മച്ചാറിന് സ്നേഹചുംബനം നൽകുന്നതടക്കമുള്ള ചിത്രങ്ങൾ ഹംദാൻ പങ്ക് വച്ചിട്ടുണ്ട്.
അതേസമയം, ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ പൈലറ്റിനെ ആക്രമിച്ച കേസിൽ പ്രതിയായ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമി ആണെന്ന് തിരിച്ചറിഞ്ഞിരുന്നു . ഒമാൻ എയറിൽ മുമ്പ് പൈലറ്റായി പരിശീലനം നേടിയിരുന്നെങ്കിലും ഇസ്ലാമിക റാഡിക്കൽ വെബ്സൈറ്റുകൾ സന്ദർശിച്ചതായി സർക്കാർ കണ്ടെത്തിയതിനെത്തുടർന്ന് ഡെസ്ക് ഡ്യൂട്ടിയിലേക്ക് മാറ്റി. അതിനു ശേഷമാണ് ഒമാനി സർക്കാരിന്റെ ഔപചാരിക പരിശോധന കൂടാതെ ഫ്ലൈദുബായിൽ ചേർന്നത്.
സിറിയയിൽ മുമ്പ് താമസിച്ചതിന്റെ സ്വാധീനത്തിൽ ഉണ്ടായ തീവ്രവാദ വീക്ഷണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം അൽ-ഹമ്മാമിയെ ഒമാനിൽ ഫ്ലൈറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് മുമ്പ് വിലക്കിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

