ന്യൂഡൽഹി ; പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥയാണെന്ന പേരിൽ വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ബംഗാൾ സെക്രട്ടേറിയറ്റിനുള്ളിൽ കയറി മന്ത്രിയെ കണ്ട യുവതി പിടിയിൽ. അകങ്ഷ വിദ്യാർഥി (30) ആണ് പിടിയിലായത്. ആൾമാറാട്ടം, വ്യാജ തിരിച്ചറിയൽ രേഖ നിർമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബംഗാൾ പൊതുമരാമത്ത് മന്ത്രി ഡോ. അജയ് കുമാർ പോഡ്ഡറയുമായാണ് ബുധനാഴ്ച്ച അകങ്ഷ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയ്ക്കിടെ മന്ത്രിക്കുണ്ടായ ചില സംശയങ്ങളാണ് യുവതിയെ കുറിച്ച് അന്വേഷിക്കാൻ കാരണമായത്. മന്ത്രി യുവതിയുടെ വിവരങ്ങൾ ചോദിക്കാൻ ആരംഭിച്ചതോടെ ഇവർ പെട്ടെന്നു സ്ഥലം വിട്ടു. തുടർന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് വിവരം പൊലീസിനു കൈമാറി. പിന്നാലെ നടന്ന അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്കുള്ള വിമാനത്തിൽ യാത്ര ആരംഭിച്ചതായി മനസ്സിലാക്കി. ബംഗൾ പൊലീസ് ഡൽഹിയിലെ വീട്ടിലെത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

