ന്യൂഡൽഹി: ‘ലോട്ടറി രാജാവ്’ എന്നറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിന് ലോട്ടറി ബിസിനസിൽ നിന്ന് 15,000 കോടി രൂപയുടെ വാർഷിക വരുമാനമുണ്ടായിരുന്നതായി എൻഫോഴ്സ്മെന്റ് സംഘം . സ്വത്തുക്കളും മറ്റും എൻഫോഴ്സ്മെൻ്റ് ഏജൻസി ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. ലോട്ടറി വിൽപ്പനയുടെ പേരിൽ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇ ഡി പറയുന്നു. മാർട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്.
2014-ൽ സി.ബി.ഐ, 2022-ൽ കൊൽക്കത്ത പോലീസ്, 2024-ൽ മേഘാലയ സർക്കാർ രജിസ്റ്റർ ചെയ്ത കേസുകൾ എന്നീ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ അന്വേഷണം. കണക്കിൽ പെടാത്ത 12 കോടി രൂപയും 6.4 കോടിയുടെ സ്ഥിരനിക്ഷേപവും പിടിച്ചെടുത്തിട്ടുണ്ട്. അടുത്തിടെ ഏജൻസി നടത്തിയ പരിശോധനയിൽ, കോയമ്പത്തൂർ, ചെന്നൈ, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഹരി വിപണിയിലെ നിക്ഷേപത്തിന് പുറമെ മറ്റ് ആസ്തികളും മാർട്ടിന് ഉള്ളതായി കണ്ടെത്തി.