വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന, പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ഏഴ് ചാക്കുകൾ മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ് . സീനിയർ സിവിൽ പോലീസ് ഓഫീസർ സാബിത്താണ് മോഷണത്തിന് പിന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി . മോഷണ വിവരം പുറത്തുവന്നതോടെ സാബിത്ത് ജില്ല വിട്ടുവെന്നാണ് വിവരം. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ജൂൺ 7-ന് സുൽത്താൻ ബത്തേരിക്കടുത്തുള്ള ദോട്ടപ്പൻകുളത്ത് നിന്ന് പിടിച്ചെടുത്തതാണ് ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ . പിടിച്ചെടുത്ത സാധനങ്ങൾ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. അവ പോലീസ് സ്റ്റേഷനിൽ തന്നെ സൂക്ഷിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. തുടർന്ന്, കേസുകളിലെ തെളിവുകൾ സൂക്ഷിക്കുന്ന മുറിയിലാണ് ഇവയും വെച്ചിരുന്നത്.
എന്നാൽ, സെപ്റ്റംബർ 10-ന് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾ അവിടെയില്ലെന്ന് കണ്ടെത്തി. മോഷണത്തിന് കേസെടുക്കുകയും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിനിടെ, തെളിവുകൾ സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചിട്ടില്ലെന്ന് കണ്ടെത്തി. താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്നും ഇതോടെ വ്യക്തമായി.
തുടർന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, സാബിത്ത് തെളിവുകൾ സൂക്ഷിക്കുന്ന മുറിയിൽ പ്രവേശിച്ച് ചാക്കുകൾ മാറ്റിയതായി കണ്ടെത്തി . ഞായറാഴ്ച പോലീസ് സംഘം സാബിത്തിന്റെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഒളിവിൽ പോയതാകാമെന്നാണ് സൂചന. സാബിത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
യഥാർത്ഥ കേസിലെ പ്രതിയെ സഹായിക്കാനാണോ അതോ കരിഞ്ചന്തയിൽ വിൽക്കാനാണോ ഉൽപ്പന്നങ്ങൾ മാറ്റിയതെന്ന് സാബിത്തിനെ ചോദ്യം ചെയ്താലേ വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.

