ന്യൂഡൽഹി ; ഇന്ത്യ-ചൈനീസ് ബന്ധത്തിലെ ഏഴ് വർഷത്തെ പിരിമുറുക്കങ്ങൾക്ക് ശേഷം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സെപ്റ്റംബർ 12 ന് ഇന്ത്യയിലെത്തുന്നു. ഡൽഹിയിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണമാണ് നൽകുക. ഇന്ത്യയിൽ എത്തുന്ന ദിവസം തന്നെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തുമെന്നാണ് സൂചന. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാൻ അത് സഹായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിൻപിംഗ് സെപ്റ്റംബർ 12-13 തീയതികളിൽ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിക്കുമെന്ന കുറിപ്പ് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയിരുന്നു. 12 ന് ഉച്ചയ്ക്ക് ഷി ജിൻപിംഗ് ഇന്ത്യയിലെത്തും. 13 ന് ഉച്ചകോടിക്ക് ശേഷം അദ്ദേഹം മടങ്ങും. മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥരടങ്ങുന്ന വലിയ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
2019 ൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ഷി ജിൻപിംഗ് ചെന്നൈ സന്ദർശിച്ചിരുന്നു. അന്ന് ഒപ്പമുണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിനിധി സംഘമാകും ഇത്തവണ ഷീയ്ക്കൊപ്പമുണ്ടാകുക. ഏഴ് വർഷത്തിന് ശേഷം നടക്കുന്ന ഈ സന്ദർശനം ചരിത്രപരമാക്കാൻ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് . മോദിയും ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയിൽ അതിർത്തി തർക്കങ്ങൾ മുതൽ വ്യാപാര അസന്തുലിതാവസ്ഥ വരെ വിഷയമാകും.
2019-ൽ ഷി ജിൻപിംഗ് ഇന്ത്യ സന്ദർശിച്ച് ഏതാനും മാസങ്ങൾക്കകമാണ് 2020 മെയ്-ജൂൺ മാസങ്ങളിലായി ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചത് . തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. അതിർത്തി സംഘർഷത്തെത്തുടർന്ന്, ഇന്ത്യ ചൈനീസ് കമ്പനികൾക്ക് മേൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ടിക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, ഇന്ത്യയിലേക്കുള്ള ചില അസംസ്കൃത വസ്തുക്കളുടെ വിതരണം ചൈനയും നിയന്ത്രിച്ചു.
സാമ്പത്തിക ബന്ധങ്ങളിലടക്കം നിയന്രണങ്ങൾ ഉണ്ടായിട്ടും ഉഭയകക്ഷി വ്യാപാരം മാറ്റമില്ലാതെ തുടർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഷി ജിൻപിങ്ങും മോദിയും തമ്മിൽ മൂന്ന് കൂടിക്കാഴ്ചകൾ നടന്നു . ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഈ കൂടിക്കാഴ്ചകളും സഹായിച്ചു. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേക യോഗങ്ങളും നടന്നു. അരുണാചൽ പ്രദേശ് അതിർത്തിയുടെ ഇരുവശത്തുമുള്ള സൈനിക കമാൻഡർമാർ അടുത്തിടെയും തുടർച്ചയായി രണ്ട് ദിവസം കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പോസിറ്റീവ് ദിശയിലേക്ക് നീങ്ങുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇന്ത്യയുമായുള്ള സാമ്പത്തിക, വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് ഷിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൈനീസ് സർക്കാർ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലും പറയുന്നു.

