ടെഹ്റാൻ : തങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിനും മുമ്പത്തേക്കാൾ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് ഇറാൻ . ഇറാന്റെ എണ്ണ ടാങ്കറുകൾ തകർക്കുമെന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ മുന്നറിയിപ്പിന് പിന്നലെയാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ മുന്നറിയിപ്പ്. ഇറാനെതിരായ സംഘർഷത്തിലെ സ്ഥിതി മാറിയിട്ടുണ്ടെന്ന് യുഎസ് മനസ്സിലാക്കണമെന്നും വൈകാതെ യുഎസ് തങ്ങളുടെ തന്ത്രങ്ങൾ പുനഃപരിശോധിക്കണമെന്നും ഗാലിബാഫ് പറഞ്ഞു.
ഗൾഫ് മേഖലയിൽ ഇറാനിയൻ എണ്ണ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് പ്രസ്താവന. റിപ്പോർട്ട് പ്രകാരം, കൂടുതൽ കടുത്ത പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഇറാൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാന്റെ താൽപ്പര്യങ്ങൾക്കും സുരക്ഷയ്ക്കും ഹാനികരമായ ഏതൊരു നടപടിക്കും വേഗത്തിലും കർശനമായും മറുപടി നൽകേണ്ടിവരുമെന്നാണ് ഗാലിബാഫ് തന്റെ ടെലിഗ്രാം ചാനലിൽ പങ്ക് വച്ച പ്രസംഗത്തിൽ പറയുന്നത് . ഭാവിയിൽ യുഎസ് നടപടികൾക്കെതിരെ ഇറാൻ കൂടുതൽ കർശനമായ നിലപാട് സ്വീകരിച്ചേക്കാമെന്ന് അദ്ദേഹം സൂചന നൽകി. ഇറാനിൽ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ സർക്കാർ യുഎസ് നടപടികളെ എതിർക്കുന്നത് തുടരുന്നു. ഗൾഫ് മേഖലയും ഹോർമുസ് കടലിടുക്കും യുഎസും ഇറാനും തമ്മിലുള്ള തർക്കത്തിന്റെ പ്രധാന കേന്ദ്രമായി തുടരുകയാണ് .

