തൃശൂർ: കൈപ്പമംഗലത്ത് എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഡിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് മരിച്ചത് . ഫീൽഡ് ട്രിപ്പിനായി കേരളത്തിലെത്തിയതാണിവർ.
വെള്ളിയാഴ്ച അർദ്ധരാത്രി 12 മണിയോടെയാണ് പനമ്പിക്കുന്ന് സെന്ററിൽ അപകടം നടന്നത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത്ത് (20) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൂർണ്ണമായും തകർന്നു.
വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വിദ്യാർത്ഥികളുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ വികൃതമായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും മണിക്കൂറുകളോളം പരിശ്രമിച്ചാണ് അവരെ പുറത്തെടുത്തത്. വിദ്യാർത്ഥികളുടെ കണ്ണുകൾ പോലും തകർന്ന നിലയിലായിരുന്നു . ശരീരഭാഗങ്ങൾ കാറിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയിരുന്നു. ഇത്രയും ഭയാനകമായ ഒരു ദുരന്തത്തിന് വഴിയൊരുക്കിയത് ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിച്ചു. മതിയായ സൈൻബോർഡുകളുടെ അഭാവവും ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ ലോറി പാർക്ക് ചെയ്തിരുന്നതുമാണ് അപകടത്തിന് കാരണമായത്. നടൻ കൊല്ലം സുധിയുടെ മരണത്തിന് കാരണമായ അപകടം ഈ സ്ഥലത്ത് നിന്ന് വെറും 100 മീറ്റർ അകലെയായിരുന്നു .

