ലക്നൗ : പാകിസ്ഥാനെ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ആയി നിയമിച്ചു. ഈ വർഷം ഏപ്രിലിലാണ് ഇന്ത്യൻ വ്യോമസേനയിൽ നിന്ന് ജിതേന്ദ്ര മിശ്ര വിരമിച്ചത് . ഓപ്പറേഷൻ സിന്ദൂരിലെ നേതൃത്വത്തിന് അംഗീകാരം ലഭിച്ച മുതിർന്ന സൈനിക കമാൻഡർമാരിൽ ഒരാളാണ് അദ്ദേഹം.
ഓപ്പറേഷൻ സിന്ദൂരിനിടെ, ഡൽഹി ആസ്ഥാനമായുള്ള വ്യോമസേനയുടെ വെസ്റ്റേൺ കമാൻഡിന്റെ എയർ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി അദ്ദേഹത്തെ നിയമിച്ചു. സിയാച്ചിൻ മുതൽ ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഡൽഹി വരെയുള്ള വ്യോമാതിർത്തി സുരക്ഷിതമാക്കാൻ വെസ്റ്റേൺ കമാൻഡിനാണ് ഉത്തരവാദിത്തം. ഓപ്പറേഷൻ സിന്ദൂരിനിടെ, ഡൽഹിക്ക് നേരെയുള്ള പാകിസ്ഥാൻ ആക്രമണം പരാജയപ്പെടുത്തിയതും മിശ്രയുടെ നേതൃത്ത്വത്തിലുള്ള സംഘമാണ്.
1986 ഡിസംബർ 6 നാണ് അദ്ദേഹം ഇന്ത്യൻ വ്യോമസേനയിൽ ഫൈറ്റർ പൈലറ്റായി എത്തിയത് . ഫൈറ്റർ കോംബാറ്റ് ലീഡർ, ടെസ്റ്റ് പൈലറ്റ് എന്നീ നിലകളിൽ എയർ മാർഷൽ മിശ്രയ്ക്ക് 3,000 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്.
യുദ്ധത്തിലും സംഘർഷ സാഹചര്യങ്ങളിലും ഉയർന്ന നിലവാരത്തിലുള്ള മികച്ച സേവനം കാഴ്ച്ച വച്ചതിന് പ്രസിഡന്റ് ദ്രൗപതി മുർമു അദ്ദേഹത്തിന് ‘സർവോത്തം യുദ്ധ് സേവാ മെഡൽ’ നൽകി ആദരിച്ചിരുന്നു . ഇന്ത്യയിലെ അപൂർവ സൈനിക ബഹുമതികളിൽ ഒന്നാണിത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് പുതിയ നിയമനം . പ്രവർത്തന ആസൂത്രണം, ഏകോപനം, ലോജിസ്റ്റിക്സ്, വലിയ സൈനിക യൂണിറ്റുകളുടെ നിയന്ത്രണം എന്നിവയിലെ ജിതേന്ദ്ര മിശ്രയുടെ പരിചയം അയോധ്യ ട്രസ്റ്റിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ ഭോപത്പുര സ്വദേശിയാണ് ജിതേന്ദ്ര മിശ്ര. രാമക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ എന്ന നിലയിൽ, ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം, തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ, സാമ്പത്തിക ക്രമീകരണങ്ങൾ, ജീവനക്കാരുടെ ഏകോപനം, സുരക്ഷാ സേനയുമായുള്ള ഏകോപനം എന്നിവയുടെ ചുമതല ജിതേന്ദ്ര മിശ്രയ്ക്കായിരിക്കും.

