തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിൽ ആരോഗ്യ വകുപ്പും ഡോക്ടർമാരുടെ സംഘടനയും തമ്മിൽ സമവായം. സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവുകൾ നികത്താമെന്നും പ്രമോഷൻ നടപടികൾ വേഗത്തിലാക്കാമെന്നും സർക്കാർ കെ ജി എം ഒ എക്ക് ഉറപ്പ് നൽകി. ആരോഗ്യമന്ത്രി കെജിഎംഒഎയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള തീരുമാനത്തിൽ കെ ജി എം ഒ എ ആദ്യം മുതൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒഴിവുകൾ നികത്തണമെന്നും കൂടുതൽ നിയമനങ്ങൾ നടത്തണമെന്നുമായിരുന്നു കെ ജി എം ഒ എയുടെ ആവശ്യങ്ങൾ. എന്നാൽ, ആവശ്യത്തിന് ഡോക്ടർമാർ നിലവിലുണ്ടെന്നും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റുമാരെ വിന്യസിച്ച് പദ്ധതി നടപ്പാക്കാമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്.
തുടർന്ന് കെജിഎംഒഎയുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ പുനർവിന്യസിക്കുമ്പോൾ അവരോട് സമ്മതം ചോദിക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുമാർക്ക് പകരം ഡോക്ടർമാരെ ഉറപ്പാക്കും. പുനർവിന്യസിക്കുന്ന സ്പെഷ്യലിസ്റ്റുകൾക്ക് സ്പെഷ്യൽ അലവൻസ് വേണമെന്ന കെജിഎംഒഎ ആവശ്യം പരിഗണിക്കാമെന്നും ആരോഗ്യമന്ത്രി അറിയിക്കുകയായിരുന്നു.
വിഷയത്തിൽ സമവായത്തിലെത്തിയതോടെ, ആദ്യ ഘട്ടമെന്ന നിലയിൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ പദ്ധതി പൂർണതോതിൽ ഉടൻ ആരംഭിക്കും. ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8വരെ മുഴുവൻ സമയവും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർ ഡ്യൂട്ടിയിൽ ഉണ്ടാകും. രാത്രി 8 മുതൽ ഓൺ കോൾ ഡ്യൂട്ടിയിലും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കും. വൈകാതെ തന്നെ മറ്റ് സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

