ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ബീഹാർ , യുപി മുഖ്യമന്ത്രിമാരുമായി അടിയന്തിര ചർച്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ബുധനാഴ്ച ബീഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുമായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും കഴിഞ്ഞ ദിവസമാണ് അദ്ദേഹം ചർച്ച നടത്തിയത്. ഇരു സംസ്ഥാനങ്ങളിലെയും നദികളിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയെക്കുറിച്ച് അമിത് ഷാ ആരാഞ്ഞു.
നേപ്പാൾ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഷാ അനുശോചനം രേഖപ്പെടുത്തി. ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്രസർക്കാർ നേപ്പാളിനൊപ്പം നിൽക്കും . നേപ്പാളിലെ വെള്ളപ്പൊക്കം മൂലമുണ്ടായ നാശനഷ്ടങ്ങൾ ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തത്തെക്കുറിച്ച് ബീഹാർ, ഉത്തർപ്രദേശ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) അതീവ ജാഗ്രതയിലാണ്. മിന്നൽ പ്രളയം അനുഭവപ്പെടാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രാദേശിക ഭരണകൂടത്തെയും രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. നേപ്പാളിലെ വെള്ളപ്പൊക്കം ഇരു സംസ്ഥാനങ്ങളിലെയും നദികളിലെ ജലനിരപ്പ് ഉയർത്തുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

