തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷന് പുറത്ത് ഇഡി ആക്രമണക്കേസിലെ പ്രതികൾ നടത്തിയ ഓണാഘോഷത്തെ കുറിച്ച് അന്വേഷണം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാനാണ് എഡിജിപി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറോട് നിർദേശിച്ചിരിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയായ മുൻ സിപിഎം കൗൺസിലർ ഐ.പി. ബിനുവിന്റെ സാന്നിധ്യത്തിലാണ് മ്യൂസിയം പോലീസ് സ്റ്റേഷന് പുറത്ത് ഓണാഘോഷവും റീൽ ഷൂട്ടും നടന്നത്. സ്റ്റേഷന് പുറത്ത് പോലീസ് ഉദ്യോഗസ്ഥർ ഒരുക്കിയ ഊഞ്ഞാലിൽ ആടുന്നതും ആഘോഷത്തിൽ പങ്കെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ടുകൾ ധരിച്ച് റീൽസ് പകർത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത് .
അതേസമയം, ബിനു ഓണാഘോഷത്തിന് ക്ഷണിക്കപ്പെട്ടിട്ടില്ലെന്നും കേസുമായി ബന്ധപ്പെട്ട് ഒപ്പിടാൻ സ്റ്റേഷനിൽ എത്തിയതാണെന്നും പോലീസ് പറഞ്ഞു. വീഡിയോ വിവാദമായതിനെ തുടർന്ന് സ്റ്റേഷന് പുറത്ത് സ്ഥാപിച്ചിരുന്ന ഊഞ്ഞാൽ പോലീസ് നീക്കം ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ബിനുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്.

