പരിപ്പും , പപ്പടവും, പായസവും കൂട്ടി അസലൊരു തിരുവോണസദ്യ . അത് മലയാളിയുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്. നല്ല പാല്പായസവും,പാലടയും, സേമിയാ പായസവുമൊക്കെയാണ് പണ്ട് മുതലേ പല വീടുകളിലും ഉണ്ടാക്കിയിരുന്നത് . എന്നാൽ ഇപ്പോൾ യൂട്യൂബ് പാചകറാണിമാരുടെ വെറൈറ്റി പായസങ്ങളും പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിലൊരു ജെൻസി പായസമാണ് നീല പാലട പായസം . സാധാരണ പാലട തയാറാക്കുന്നതിനുള്ള ചേരുവകള്‍ക്കൊപ്പം ഒരേയൊരു സാധനം മാത്രം ചേർത്താല്‍ മതി നീല പാലട തയാർ.
ആവശ്യമായ ചേരുവകള്‍
അട – ഒരു കപ്പിന്റെ മൂന്നില്‍ ഒന്ന്
പാല് – ഒരു ലിറ്റർ
പഞ്ചസാര – ആവശ്യത്തിന്
ഏലക്ക – മൂന്ന് എണ്ണം
ശംഖുപുഷ്പം – 30 എണ്ണം
കശുവണ്ടിയും, കിസ്മിസും – ആവശ്യത്തിന്
ശംഖുപുഷ്പം തിളച്ച വെള്ളത്തിലിട്ട് അടച്ചുവച്ച് മുപ്പത് മിനിറ്റ് മാറ്റിവയ്ക്കുക. ശേഷം സാധാരണ രീതിയിൽ വെള്ളം തിളപ്പിച്ച് അട വേവിച്ചെടുക്കുക . ഇളക്കി തീ ഓഫ് ചെയ്ത് മുപ്പത് മിനിറ്റ് മാറ്റിവയ്ക്കുക. മുപ്പത് മിനിറ്റ് കഴിഞ്ഞ് അടയിലെ വെള്ളം കളഞ്ഞ് ഒന്നുകൂടി വെള്ളം ഒഴിച്ച് കഴുകുക.
ഒരു ലിറ്റർ പാല് തിളപ്പിക്കുക. പാല് തിളച്ച് വരുമ്പോള്‍ കഴുകി ഊറ്റിവച്ചിരിക്കുന്ന അട ചേർക്കുക. നന്നായി ഇളക്കി കുറുക്കിയെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക. ശേഷം ഏലക്ക ചതച്ച് ചേർക്കുക.മിക്സ് കുറുകി വരുമ്പോള്‍ ശംഖുപുഷ്പത്തിന്റെ നീര് ചേർക്കുക. നീല നിറം കൂടുതല്‍ വേണമെന്നുണ്ടെങ്കില്‍ ശംഖുപുഷ്പത്തിന്റെ എണ്ണം കൂട്ടാവുന്നതാണ്. 50 ശംഖുപുഷ്പങ്ങള്‍ വരെ ഉപയോഗിക്കാം. വീണ്ടും നന്നായി ഇളക്കി കൊടുക്കുക. കുറുകി വരുമ്പോള്‍ നെയ്യിൽ വറുത്ത കശുവണ്ടിയും, കിസ്മിസും കൂടി ചേർക്കാം. രുചികരമായ നീല പാലട തയാർ.

