ഓണക്കാലത്ത് ഏറെ ഡിമാൻഡുള്ള വിപണിയാണ് കൈത്തറിയുടേത് . മലയാളത്തിന്റെ തനിമയും, പാരമ്പര്യവും ഇഴ ചേർന്ന കൈത്തറി വസ്ത്രങ്ങളുടെ പ്രൗഢി ഓരോ കൊല്ലം കഴിയുന്തോറും കൂടിവരികയാണ് . ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായ കൈത്തറി വസ്ത്രങ്ങൾ ഇന്ന് കേരളത്തിന് പുറത്തും ഏറെ പ്രശസ്തമാണ്. ഓണക്കാലത്ത് ഏറെ തിരക്കുണരുന്ന കൈത്തറി ഗ്രാമമാണ് തൃശൂരിലെ കുത്താമ്പുള്ളി.
നൂറ്റാണ്ടുകൾക്ക് മുമ്പ് കർണാടകയിൽ നിന്ന് എത്തിയവരാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ. കൊച്ചിരാജാവിന് പ്രത്യേക വസ്ത്രങ്ങൾ നെയ്യാനാണ് ദേവാംഗ ചെട്ടിയാർ സമുദായക്കാരായ നെയ്ത്തുകാരെ കുത്താമ്പുള്ളിയിലേക്ക് കൊണ്ടുവന്നത്.
ഏറെ ദിവസത്തെ അധ്വാനത്തിന് ശേഷമാണ് കുത്താമ്പുള്ളിക്കസവ് നമ്മുടെ കൈകളിലെത്തുക. കസവും വെളുത്തനിറത്തിലുള്ളതുമായ ചെറിയ നൂലുണ്ടുകളുണ്ടാക്കുന്നതാണ് ആദ്യപടി. ഈ നൂലുണ്ടകൾക്ക് ‘കണ്ടിക്ക’ എന്നാണ് നെയ്ത്തുകാർ പറയുന്നത് .ചക്രം ഉപയോഗിച്ച് നിർമിച്ച റാട്ടിലാണ് ‘കണ്ടിക്ക’ രൂപപ്പെടുത്തുന്നത്. ട്ടിലെ ചക്രംതിരിച്ചുവേണം, ഊട് നെയ്യാനുള്ള കണ്ടിക്ക എന്ന നൂലുണ്ടകളുണ്ടാക്കാൻ. ഏറെനേരം എടുക്കുന്ന ജോലിയാണിത്.
തുടർന്ന് നൂലിന് പശിമവന്ന് ബലംകിട്ടാനായി നൂലുണ്ടകൾ കഞ്ഞിപ്പശയിലിട്ട് വയ്ക്കും. പിന്നീടാണ് ഇവ നെയ്യുന്നതിനായി തറിയിലുള്ള, മരത്തിന്റെ പ്രത്യേക ഉപകരണമായ നാടാവിൽ ഇട്ടുവയ്ക്കുന്നത്.ഇരുകാൽപാദങ്ങളും മാറിമാറി താളാത്മകമായി ചലിപ്പിച്ചാണ് തറികൾ പ്രവർത്തിപ്പിക്കുന്നത്. കാലുകളുടെ ചലനത്തിനൊത്ത് തറിയിലെ നാടാവ്, ഇരുവശത്തേക്കും വിലങ്ങനെ അതിവേഗതയിൽ ചലിക്കും. തറിയിൽ നൂറുകണക്കിന് ചവുട്ടുകൾ കഴിയുമ്പോഴാണ് ഒരു കസവുസാരി നിർമ്മാണം പൂർത്തിയാകുക.
ഒരു കസവുസാരി നെയ്യാൻ മൂന്ന് ദിവസമാണ് വേണ്ടി വരിക . ബ്ലൗസിനുള്ള തുണിയടക്കം ഒരുസാരി ആറര മീറ്ററോളമുണ്ടാകും. കസവുമുണ്ട് നെയ്യാൻ ഒന്നരദിവസമെടുക്കും.

