തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ച് പോലീസ് . ജില്ലാ പോലീസ് മേധാവി ഈ ആഴ്ച കേസ് റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കുമെന്നാണ് വിവരം . റിപ്പോർട്ട് പരിശോധിച്ച ശേഷം കളക്ടർ അന്തിമ തീരുമാനം എടുക്കും.
അതേസമയം, ഒളിവിൽ കഴിഞ്ഞിരുന്ന സമയത്തെ അർജുന്റെ നീക്കങ്ങളുടെ വിശദാംശങ്ങൾ പോലീസിന് ലഭിച്ചു. ഓഗസ്റ്റ് 5 ന് കണ്ണൂരിലെത്തിയ അർജുൻ പിറ്റേന്ന് സുഹൃത്തുക്കളോടൊപ്പം കാറിൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. സോളാർ ഇൻസ്റ്റാളേഷൻ തൊഴിലാളികളായി ജോലി ചെയ്യുന്ന പ്രണവ്, കുട്ടൻ എന്നിവരോടൊപ്പം തോട്ടട, മട്ടന്നൂർ, ചാലോട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു.
ഓഗസ്റ്റ് 6 ന് രാത്രി തളിപ്പറമ്പിലെ ഒരു ലോഡ്ജിൽ എത്തി അവിടെ താമസിച്ചു. പയ്യന്നൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഒളിവിൽ കഴിയുമ്പോൾ പോലീസിനെയും ആഭ്യന്തരമന്ത്രിയെയും പലതവണ വെല്ലുവിളിച്ചിരുന്ന അർജുനെ ഞായറാഴ്ച പുലർച്ചെ 2.30 ഓടെ കണ്ണൂരിലെ തളിക്കാവിലെ അഭിഭാഷകന്റെ അപ്പാർട്ട്മെന്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും പൊതുജനസമാധാനത്തിന് ഭംഗം വരുത്തുന്ന പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്തുവെന്ന കുറ്റമാണ് അർജുനെതിരെ ചുമത്തിയിരിക്കുന്നത്.

