കൊൽക്കത്ത ; പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി . മമത ബാനർജിക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ടെന്നും അവരുടെ സുരക്ഷ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഡയറക്ടറും മുതിർന്ന ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
മമത ബാനർജിയുമായി എന്തെങ്കിലും തർക്കം നടന്നിട്ടുണ്ടോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിച്ചതായി സുവേന്ദു അധികാരി പറഞ്ഞു. എന്നാൽ അത്തരമൊരു സംഭാഷണം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. മുതിർന്ന പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പ്രമുഖ ബിജെപി നേതാക്കളോ പാർട്ടി പതാകകളോ അവിടെ ഉണ്ടായിരുന്നില്ലെന്നും ടെലിവിഷൻ ദൃശ്യങ്ങൾ ഉദ്ധരിച്ച് സുവേന്ദു അധികാരി പറഞ്ഞു. മമത ബാനർജി സംഭവസ്ഥലത്ത് എത്തിയ രീതിയെയും അദ്ദേഹം ചോദ്യം ചെയ്തു.
‘ ആ കുടുംബം തന്നെ ഒരു നേതാവിനെ പ്രവേശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവർ അകത്ത് കയറാൻ നിർബന്ധിക്കരുത് . ഒരു വ്യക്തിയോ കുടുംബമോ സഹായം അഭ്യർത്ഥിക്കുകയോ ഇടപെടൽ ആവശ്യപ്പെടുകയോ ചെയ്താൽ, തീർച്ചയായും സഹായിക്കണം . എന്നാൽ ക്ഷണിക്കപ്പെടാതെ അത്തരമൊരു സ്ഥലത്ത് എത്തുന്നത്, ഉചിതമല്ല.‘ സുവേന്ദു അധികാരി പറഞ്ഞു.
. മമത ബാനർജി 15 വർഷമായി മുഖ്യമന്ത്രിയായിരുന്നുവെന്നും പ്രായമായ സ്ത്രീ എന്ന നിലയ്ക്ക് അവർക്ക് പൂർണ്ണ സുരക്ഷയും ബഹുമാനവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് അവരുടെ ജോലി ചെയ്തു, ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ മരിച്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ ബിർജു കെവാട്ടിന്റെ കുടുംബത്തെ സന്ദർശിക്കുന്നതിനിടെയാണ് മമത ബാനർജിക്ക് വൻ പ്രതിഷേധം നേരിടേണ്ടി വന്നത്. പ്രതിഷേധക്കാർ അവരുടെ വാഹനം വളഞ്ഞ് മുദ്രാവാക്യം വിളിച്ചു. കാറിന് നേരെ ചെളിയും, ചെരിപ്പും, കല്ലുമെറിഞ്ഞു.
താൻ സന്ദർശനം നടത്തുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും, തന്റെ കാറിന് നേരെ വലിയ ഇഷ്ടിക കഷ്ണങ്ങൾ എറിഞ്ഞതായും മമത പറഞ്ഞു. പോലീസ് പ്രതിഷേധക്കാരെ സംരക്ഷിക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ കേസ് ഫയൽ ചെയ്യുമെന്നും അവർ പറഞ്ഞു.

