ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനും, ലഷ്കര് ഇ തൊയ്ബ ഭീകരനുമായ അബ്ദുൾ റഹ്മാൻ മക്കി മരിച്ചതായി റിപ്പോർട്ടുകൾ. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് വിവരം. അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹാഫിസ് സയീദിൻ്റെ ഭാര്യാ സഹോദരനും അടുത്ത സഹായിയുമായിരുന്നു മക്കി.
26/11 മുംബൈ ആക്രമണത്തിലെ പ്രതിയായ അബ്ദുൾ റഹ്മാൻ മക്കി ഭീകരൻ ഹാഫിസ് സയീദിൻ്റെ ബന്ധുവാണ്. മക്കിയെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.ഇതോടൊപ്പം ഇയാളുടെ സ്വത്തുക്കളും മരവിപ്പിച്ചു. യാത്രാ നിരോധനം ഏർപ്പെടുത്തുകയും ആയുധങ്ങൾ നിരോധിക്കുകയും ചെയ്തു. ഇന്ത്യ തേടുന്ന ഭീകരനാണ് മക്കി. അബ്ദുൾ റഹ്മാൻ മക്കിയാണ് ലഷ്കറെ ത്വയ്യിബയുടെ തീവ്രവാദ ഫണ്ടിംഗിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാഹോറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. 2019 മേയിൽ പാക് സർക്കാർ മക്കിയെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളിൽ പാക് കോടതി ഇയാളെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ ആഭ്യന്തര നിയമപ്രകാരം ഇന്ത്യയും ഇയാളെ ഭീകരവാദ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരേ പ്രത്യേകിച്ചും ജമ്മു കശ്മീരിനെതിരേ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുക, യുവാക്കളെ ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുക, റിക്രൂട്ട് ചെയ്യുക, ലഷ്കറെ തൊയ്ബയുടെ (എൽ.ഇ.ടി.) ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇയാൾ ഉൾപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.ലഷ്കറിൻ്റെ രാഷ്ട്രീയ വിഭാഗമായ ജമാദ് ഉദ് ദവയുടെ തലവൻ കൂടിയായിരുന്നു മക്കി. ലഷ്കറിൻ്റെ ഫോറിൻ റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് തലവനായും പ്രവർത്തിച്ചിട്ടുണ്ട്.