കോഴിക്കോട്: കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖയിലെ ബ്രാഞ്ച് മാനേജരും സിപിഎം പ്രാദേശിക നേതാവുമായ പി കെ ഗനീഷ് കുമാറിനെ (50) മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള മുരുവശ്ശേരി വായനശാലയിലാണ് ഗനീഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മുൻ സിപി എം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. കർഷക സംഘത്തിന്റെ ഏരിയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും അന്വേഷണം തുടരുകയാണ്. കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

