തൃശൂർ: മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. മടവക്കര സ്വദേശിയായ കൃഷ്ണൻ (89) ആണ് മരിച്ചത്. മകൻ രാധാകൃഷ്ണനെ (54) പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണൻ മറ്റൊരു മകനോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു . മൃതദേഹം ചൊവ്വാഴ്ച വീടിനുള്ളിലെ ചുമരിനോട് ചേർന്ന് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ചെങ്ങാലൂരിലുള്ള മകൻ കൃഷ്ണനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞ് ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. തുടർന്ന് പൊലീസുമായെത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
രാധാകൃഷ്ണൻ അച്ഛന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. കൃഷ്ണനെ സംസ്കരിച്ച ശേഷം ചില ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നു. കൃഷ്ണന്റെ ഇടതു ചെവിക്ക് സമീപമുള്ള മുറിവും , രണ്ടാം നിലയുടെ വാതിൽ തുറന്ന നിലയിൽ കണ്ടതും സംശയത്തിനിടയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുടുംബത്തിൽ സ്വത്ത് തർക്കമുണ്ടെന്ന് കണ്ടെത്തി. ഭൂമി നൽകിയിട്ടും തനിക്ക് കഴിയാനുള്ള പണം മകൻ നൽകുന്നില്ലെന്ന് കാട്ടി കൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് പിതാവിന് ജീവനാംശം നൽകണമെന്ന് രാധാകൃഷ്ണനോട് കോടതി ഉത്തരവിട്ടിരുന്നു. ജീവനാംശം നൽകാത്തതിനെ തുടർന്ന് കൃഷ്ണൻ പൊലീസിൽ പരാതി നൽകി . തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പുതുക്കാട് പോലീസ് അന്വേഷണം നടത്തിവരികയാണ്.

