പാമ്പാടി : സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന തുരങ്കം തകർന്ന് കാണാതായ പാമ്പാടി പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി നടത്തിയ തെരച്ചിലിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം മണിപ്പാൽ ആശുപത്രിയിലാണ്.അവിടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. അനീഷിന്റെ ഭാര്യയും,ഭാര്യാസഹോദരനും സിക്കിൽ എത്തിയിട്ടുണ്ട്.
മൃതദേഹം എപ്പോൾ നാട്ടിലേയ്ക്ക് കൊണ്ടുവരും എന്ന കാര്യത്തിൽ വ്യക്തതയില്ല. തുരങ്കം തകർന്ന് 22 പേരാണിവിടെ മരിച്ചത്. തെക്കൻ സിക്കിമിലെ സമർഡൂങ്ങിൽ ടീസ്റ്റ ജലവൈദ്യുത പദ്ധതിയ്ക്ക് വേണ്ടി നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ നിർമിക്കുന്ന തുരങ്കമാണ് തിങ്കളാഴ്ച്ച തകർന്നത് . എൻഎച്ച്പിസിയുടെ സിക്കിം യൂണിറ്റ് മാനേജരാണ് അനീഷ്.
തുരങ്കനിർമ്മാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം , ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിലായിരുന്നു അനീഷ്.പാറയ്ക്കകത്തെ മീഥൈൻ വാതകം ചോർന്നത് മൂലമുള്ള സ്ഫോടനത്തിലാണ് തുരങ്കം തകർന്നത് . തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും, പ്രതികൂലകാലാവസ്ഥയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

