ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ ബീച്ചിൽ നീന്തുന്നതിന് നിരോധനം ഏർപ്പെടുത്തി. ഹൗത്തിലെ ക്ലെയർമൗണ്ട് ബീച്ചിലാണ് ഇറങ്ങുന്നതിനും കുളിക്കുന്നതിനുമെല്ലാം നിരോധനം ഏർപ്പെടുത്തിയത്. ഉയർന്ന നിലയിൽ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്.
ഫിൻഗൽ കൗണ്ടി കൗൺസിലാണ് നിർദ്ദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ബീച്ചിലെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ ഗുണനിലവാരം വളരെ മോശമാണെന്ന് വ്യക്തമാകുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബീച്ചിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം. അതേസമയം വെള്ളത്തിൽ ബാക്ടീരിയയുടെ അളവ് ഉയരാനുള്ള കാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. ഡബ്ലിനിലെ മറ്റ് ബീച്ചുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇതിന്റെ ഫലം ലഭിക്കും.

