കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള മൂന്ന് ജോഡി ആനക്കൊമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പരാതിക്കാരന്റെ അഭിഭാഷകൻ രംഗത്ത് . രണ്ട് ജോഡി ആനക്കൊമ്പുകൾ മാത്രമാണ് ആദ്യം പുറത്തുവന്നതെന്നും മൂന്ന് ജോഡി ആനക്കൊമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെച്ചതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും അഭിഭാഷകൻ എബ്രഹാം പി മീച്ചിങ്കര പറഞ്ഞു. ഇത് സംബന്ധിച്ച് ശരിയായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. പുതുതായി വെളിപ്പെടുത്തിയ മൂന്ന് ജോഡി ആനക്കൊമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. ആനക്കൊമ്പുകൾ സമ്മാനമായി ലഭിച്ചതാണെന്നും മോഹൻലാൽ അറിയിച്ചു.2011 ഡിസംബർ 21 ന് എറണാകുളത്തെ തേവരയിലുള്ള മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്.
2016 ജനുവരി 16 ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് നൽകി. എന്നാൽ, മോഹൻലാലിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ജോഡി ആനക്കൊമ്പുകളുടെയും ആനക്കൊമ്പുകൾ കൊണ്ട് നിർമ്മിച്ച 13 കരകൗശല വസ്തുക്കളുടെയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

