ഡബ്ലിൻ : ഇ- സ്കൂട്ടറുകൾക്ക് പൂർണമായ നിരോധനം ഏർപ്പെടുത്താൻ താത്പര്യപ്പെടുന്നതായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ലീഡേഴ്സ് ക്വസ്റ്റിനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് മേരി ലൂ മക്ഡൊണാൾഡ് ആണ് ഇത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്.
അമിത വേഗതയിൽ ഇ- സ്കൂട്ടറുകളും സ്ക്രാംബ്ലറുകളും ഓടിക്കുന്ന സംഘങ്ങൾ വലിയ അപകടമാണ് ചുറ്റുമുള്ളവർക്ക് വരുത്തിവയ്ക്കുന്നത് എന്ന് മേരി പറഞ്ഞു. ഏപ്രിലിൽ നടപ്പിലാക്കിയ നിയമം വലിയ വഴിത്തിരിവാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ കൂടുതൽ വഷളാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത് എന്നും മക്ഡൊണാൾഡ് പറഞ്ഞിരുന്നു.
എന്നാൽ ഈ സ്കൂട്ടറുകൾ പൂർണമായും നിരോധിക്കുന്നതിന് താൻ താത്പര്യപ്പെടുന്നുവെന്നും ഇതേക്കുറിച്ചാണ് ചിന്തിക്കുന്നത് എന്നും മീഹോൾ മാർട്ടിൻ ഇതിനോട് പ്രതികരിച്ചു. നിയന്ത്രണം നടപ്പിലാക്കുമ്പോൾ പോലീസിന് പൂർണ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടിയാണ് താൻ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

