തിരുവനന്തപുരം : ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ നടക്കും . ഹൈക്കോടതിയുടേതാണ് ഉത്തരവ് . തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുക്കും. അംഗീകൃത മാധ്യമപ്രവർത്തകരെ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവിൽ വ്യക്തമാക്കി.
സുഗതന്റെ ജനപ്രതിനിധി എന്ന നിലയിലുള്ള അവകാശം വിനിയോഗിക്കപ്പെടേണ്ടതുണ്ടെന്നും കോടതി. സത്യപ്രതിജ്ഞയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് സർക്കാരിനും നിർദേശം നൽകി. സുഗതനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത് തെരഞ്ഞെടുപ്പിന് മുൻപല്ലേയെന്നും, നാമനിർദേശപത്രികയിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
വട്ടിയൂർക്കാവ്, നെടുമങ്ങാട് പോലീസ് സ്റ്റേഷനുകളിൽ സുഗതനെതിരെ കൊലപാതകശ്രമം, കലാപം, ക്രിമിനൽ ഭീഷണി, പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെട്ട 19 ക്രിമിനൽ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.
നേരത്തെ സത്യപ്രതിജ്ഞയ്ക്കായി സുഗതന് നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കൊലപാതക ശ്രമ കേസിലും പോലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം ലഭിച്ചത്. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെ പേരിൽ എടുത്ത സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് ജാമ്യം ലഭിച്ചത് . എന്നാൽ കാപ്പ കൂടി ചുമത്തിയതിനാലാണ് ഹൈക്കോടതിയുടെ അനുമതി തേടിയത്.

