ഡബ്ലിൻ: പ്ലാസ്റ്റിക് മെഡിക്കൽ കാർഡുകളുടെ വിതരണം നിർത്തിവച്ച് എച്ച്എസ്ഇ. കാർഡ് പ്രിന്റിംഗ് സേവനം നൽകുന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ ശൃംഖലയ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് വിതരണം നിർത്തിവച്ചത്. അതേസമയം നടപടി താത്കാലികമാണ്. കമ്പ്യൂട്ടർ സംവിധാനം വീണ്ടെടുത്താൽ കാർഡുകളുടെ വിതരണം വീണ്ടും ആരംഭിക്കും.
മെഡിക്കൽ കാർഡ്, ജിപി വിസിറ്റ് കാർഡ്, യൂറോപ്യൻ ഹെൽത്ത് ഇൻഷൂറൻസ് കാർഡ്, ഡ്രഗ്സ് പേയ്മെന്റ് സ്കീം കാർഡ്, ലോംഗ് ടേം ഇൽനെസ്സ് കാർഡ് എന്നിവയുടെ പ്ലാസ്റ്റിക് കാർഡുകളുടെ വിതരണമാണ് നിർത്തിവച്ചിരിക്കുന്നത്. സംഭവം അധികൃതർ ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. സൈബർ ആക്രമണം ആരെയെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

