വയനാട് ; തുരങ്ക നിർമ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രി എ പി അനിൽ കുമാറും വയനാട്ടിലേക്ക് . പരിക്കേറ്റ ആറ് പേർ മേപ്പാടിയിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റവരിൽ ഹിര സുരേഷ്, ദിലീപ്, സൂരജ്, സഞ്ജയ് താപൂർ, രജനീഷ്, തൻമയ് ഘോഷ് എന്നിവരും ഉൾപ്പെടുന്നു.
മണ്ണിടിച്ചിലിൽ നിരവധി സ്കൂൾ കുട്ടികളും അധ്യാപകരും സ്കൂളുകളിൽ നിന്ന് മടങ്ങാൻ കഴിയാതെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ഒരു അംഗൻവാടി പൂർണ്ണമായും ഒറ്റപ്പെട്ടു. കുട്ടികളും അധ്യാപകരും അകത്ത് കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുപ്പാച്ചി കോളനിയിലെയും സമീപ പ്രദേശങ്ങളിലെയും താമസക്കാർ ഗതാഗതം തടസ്സപ്പെട്ടതിനാൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
അപകടത്തിന് തൊട്ടുമുമ്പ് മൂന്ന് എക്സ്കവേറ്ററും പത്ത് തൊഴിലാളികളും സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ചൂരൽമലയിലെ വാർഡ് അംഗം സഹദ് പറയുന്നത് . കുന്നിൽ നിന്ന് ചെളിവെള്ളം ഒഴുകുന്നത് തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതായും അത് വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് കുന്നിൻചെരിവിന്റെ ഒരു വലിയ ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീണതെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.

