ഡബ്ലിൻ: ഐറിഷ് തീരത്ത് എല്ലാവർഷവും കൂനൻ തിമിംഗലങ്ങൾ ( ഹംബാക്ക് വെയിൽസ്) എത്തുന്നതായി പഠനം. എടിയു ഗാൽവേയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ മിഗുവേൽ ബ്ലാസ്ക്വസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. ഇവയുടെ വരവ് ആഗോള സമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഐറിഷ് വെയിൽസ് ആൻഡ് ഡോൾഫിൻ ഗ്രൂപ്പിൽ നിന്നും ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ചുകൊണ്ടായിരുന്നു പഠനം. ഇതിനായി തിമിംഗലങ്ങളുടെ കഴിഞ്ഞ 20 വർഷങ്ങളിലെ ഡാറ്റകൾ ശേഖരിച്ചു. സീസണിലെ ആദ്യത്തെ കൂനൻ തിമിംഗലത്തെ കാണുന്നത് 1999 സെപ്റ്റംബർ 15 ന് ആയിരുന്നു. 1999 നും 2023 നും ഇടയിൽ 226 ഓളം തിമിംഗങ്ങൾ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 12 മീറ്റർ മുതൽ 18 മീറ്റർവരെ നീളമുള്ള കൂനൻ തിമിംഗലങ്ങൾ എല്ലാ പ്രധാന സമുദ്രങ്ങളിലും കാണപ്പെടാറുണ്ട്. ഇവയ്ക്ക് ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ കഴിയും.

