ചെന്നൈ : ജനനായകൻ സിനിമയുടെ നിർമ്മാതാവ് കെ. വെങ്കട്ട് നാരായണനെ ഡൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ച് തമിഴ്നാട് സർക്കാർ . ജൂൺ 23 ന് പുറത്തുവന്ന ഉത്തരവിൽ, ഒരു വർഷത്തെ താൽക്കാലിക തസ്തികയിലേക്കാണ് ഈ നിയമനം എന്നാണ് പറയുന്നത് . മന്ത്രിയുടെ പദവിക്ക് തുല്യമാണിത്. ചാർട്ടേഡ് അക്കൗണ്ടന്റും നിയമ ബിരുദധാരിയുമായ വെങ്കട്ട് നാരായണൻ ബെംഗളൂരു ആസ്ഥാനമായുള്ള ‘കെവിഎൻ പ്രൊഡക്ഷൻസിന്റെ’ സ്ഥാപകനാണ്. വെങ്കട്ട് നാരായണൻ നിർമ്മിച്ച ജനനായകൻ സർട്ടിഫിക്കേഷൻ സംബന്ധിച്ച പ്രശ്നങ്ങൾ കാരണം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
അതേസമയം വിജയ് സർക്കാരിന്റെ നീക്കത്തിനെതിരെ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.തമിഴ് ഭാഷയെക്കുറിച്ച് അടിസ്ഥാന അറിവ് പോലും ഇല്ലാത്ത ഒരാളെ മുഖ്യമന്ത്രി വിജയ്യുടെ സർക്കാർ സംസ്ഥാന പ്രതിനിധിയായി നിയമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു.”മുഖ്യമന്ത്രി അഭിനയിക്കുന്ന ഒരു സിനിമയുടെ നിർമ്മാതാവായതുകൊണ്ടാണോ അദ്ദേഹത്തിന് ഈ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്, അതോ ഇതിന് പിന്നിൽ കോൺഗ്രസിന്റെ സമ്മർദ്ദമുണ്ടോ“ എന്ന ചോദ്യവും ബിജെപി ഉന്നയിച്ചു.
സർക്കാർ പ്രതിനിധി കർണാടക സ്വദേശിയായതിനാൽ മേക്കാദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്നാടിന്റെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്നാണ് ഡി എം ജെ ഉന്നയിക്കുന്ന ചോദ്യം.

