കൊച്ചി: പെരുമ്പാവൂരിൽ വൻ ലഹരി മരുന്ന് വേട്ട . 18 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി.സംഭവത്തിൽ വൈപ്പിൻ സ്വദേശിയായ ആയുഷിനെ അറസ്റ്റ് ചെയ്തു.എറണാകുളം റൂറൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് ലഹരി വേട്ട നടത്തിയത് . സമീപകാലത്ത് നടന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടകളിൽ ഒന്നാണിത്.
പെരുമ്പാവൂരിൽ ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് പൊതികളിൽ ഒളിപ്പിച്ച നിലയിൽ 1.25 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പോലീസ് കണ്ടെത്തിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിലെ വാടക ഫ്ലാറ്റിലും ലഹരി മരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് ആയുഷ് മൊഴി നൽകി. അവിടെ നിന്ന് 16.75 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെടുത്തു. ആകെ 18 കിലോഗ്രാം മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു.
ആറ് ദിവസം മുമ്പാണ് ആയുഷ് ഫ്ലാറ്റിലേക്ക് താമസം മാറിയതെന്നും തിരിച്ചറിയൽ രേഖകളൊന്നും സമർപ്പിക്കാതെയാണ് അവിടെ താമസിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം വ്യാപകമായ ലഹരി വേട്ടയുടെ തുടക്കം മാത്രമാണിതെന്ന് മാധ്യമങ്ങളോട് സംസാരിച്ച റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
“പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവിന് ഏകദേശം 18 കോടി രൂപയുടെ വിപണി മൂല്യം ഉണ്ടായിരിക്കും. ഈ കേസ് ആയുഷിൽ മാത്രം ഒതുങ്ങുന്നില്ല. 18 കിലോഗ്രാം കണ്ടെടുത്തിട്ടുണ്ടെങ്കിലും, കൂടുതൽ കഞ്ചാവ് ഇതിനകം കേരളത്തിലെത്തിയിരിക്കാം. ഇത് ഒരു തുടക്കം മാത്രമാണ്, ഡാൻസാഫ് ടീം അന്വേഷണം തുടരും,” അദ്ദേഹം പറഞ്ഞു.

