ചെന്നൈ: ദിലീപ് നായകനായി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നീക്കം’ ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. നിർമ്മാതാവ് എ വി അനൂപ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ മധ്യസ്ഥ നടപടികളിലൂടെ പരിഹരിക്കുന്നതുവരെ ഹർജിക്കാരന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി റിലീസ് നിർത്തിവയ്ക്കുകയാണെന്ന് കോടതി പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് ഹർജി സമർപ്പിച്ചത്. നേരത്തെ പൃഥ്വിരാജ് നായകനായെത്തിയ ‘വിലായത്ത് ബുദ്ധ’ നിർമിച്ചത് എ.വി. അനൂപും സന്ദീപ് സേനനും ചേർന്നായിരുന്നു. നിർമ്മാണ കരാർ ലംഘിച്ചുവെന്നും സന്ദീപ് നൽകിയ ചെക്ക് മടങ്ങിയെന്നും ഹർജിക്കാരൻ ആരോപിച്ചു.
ഉർവശീ തിയറ്റേഴ്സിന്റെയും കാക്ക സ്റ്റോറീസിന്റെയും ബാനറുകളിൽ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നവാഗതനായ വിബിൻ ബാലചന്ദ്രനാണ് എഴുതിയിരിക്കുന്നത്, അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. ദിലീപ് വ്യത്യസ്തമായ ലുക്കിൽ എത്തുന്ന ചിത്രത്തിൽ അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ബിനു പപ്പു, അശോകൻ, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, സിറാജ്, ശാരി, രമ്യ സുരേഷ്, ദിയ ദീപൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

