തിരുവനന്തപുരം: അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്ലിൻ പ്രധാന വേഷത്തിൽ അഭിനയിച്ച ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിനെതിരെ പരാതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ റീജിയണൽ ഓഫീസറുടെ പരാതിയിൽ തിരുവല്ലം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സെൻട്രൽ ബോർഡിന്റെ അനുമതി ലഭിച്ച ശേഷം സിനിമയിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയെന്നാണ് പരാതി. സെൻസർ ചെയ്ത ഭാഗം തിയേറ്ററിൽ പ്രദർശിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ പൊലീസ് വിളിച്ചു വരുത്തി വിശദീകരണം തേടും.
സെൻസർ ബോർഡ് ചില ഭാഗങ്ങൾ നീക്കം ചെയ്യാനും ചില സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു. പക്ഷെ അണിയറക്കാർ തിയേറ്ററിൽ പ്രദർശിപ്പിച്ചത് ഇത്തരം മാറ്റങ്ങൾ വരുത്തിയ സിനിമയായിരുന്നില്ല. ഏതൊക്കെ ഭാഗങ്ങളാണോ നീക്കം ചെയ്യാൻ നിർദേശിച്ചത്, അത് കോർത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങൾ മ്യൂട്ട് ഒഴിവാക്കുകയും ചെയ്തു. സിനിമാട്ടോഗ്രാഫി നിയമങ്ങൾക്ക് വിരുദ്ധമായാണ് സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. മൂന്ന് വർഷം വരെ തടവ് ശിക്ഷയോ , ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.

