നെയ്യാറ്റിൻകര ; നനഞ്ഞ് കിടന്ന റോഡിൽ ബ്രേക്കിട്ട ബസ് തെന്നിമാറി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം . നെയ്യാറ്റിൻകര ഓണംകോട് ആർഎസ് ഭവനിൽ അജുവിന്റെയും ആർ.എസ്. ശ്രീദേവിയുടെയും മകൻ അരുൺ കൃഷ്ണൻ (26) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ 7.45 നാണ് സംഭവം. അപകടത്തെ തുടർന്ന് അബോധാവസ്ഥയിലായ പാപ്പനംകോട് ഡിപ്പോയിലെ താൽക്കാലിക ഡ്രൈവർ ഷിബുവിനെ (48) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ അഞ്ച് ബസ് യാത്രക്കാർക്കും പരിക്കേറ്റു. വെഞ്ഞാറമൂട് സ്വദേശി ആഷിക്, മഞ്ഞവിളാകം സ്വദേശി അനുഷ, ലിജോ മിനി എന്നിവർക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായ അരുൺ കൃഷ്ണന്റെ വിവാഹം, മരുതത്തൂർ സ്വദേശിയായ യുവതിയുമായി ഓഗസ്റ്റ് 23 ന് നടത്താൻ നിശ്ചയിച്ചിരുന്നു.
നെയ്യാറ്റിൻകരയിൽ നിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന ബസ് പാറശാലയിൽ നിന്ന് വരികയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അരുൺ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സായ ബന്ധുവിനെ കൊണ്ടുപോകാൻ പോകുമ്പോഴാണ് അപകടം. ബസ് അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
കാറിൽ ഇടിച്ച ശേഷം ബസ് സമീപത്തെ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി. കാർ പൂർണ്ണമായും തകർന്നു. കാറിൽ കുടുങ്ങിയ അരുൺ കൃഷ്ണ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാവിലെ വെയിറ്റിംഗ് ഷെഡിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസും നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും ചേർന്നാണ് അരുൺ കൃഷ്ണന്റെ മൃതദേഹം പുറത്തെടുത്തത്.
സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും ബസിൽ അബോധാവസ്ഥയിൽ കിടന്ന ഡ്രൈവറെ ആരും ശ്രദ്ധിച്ചില്ല. ഒരു മണിക്കൂറിന് ശേഷമാണ് ഷിബുവിനെ കണ്ടെത്തിയത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം.

