ന്യൂഡൽഹി : ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഹമാസിന്റെ തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരികയാണെന്നും അത് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ . ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യൻ ഉദ്യോഗസ്ഥരുമായി കൂടുതൽ ചർച്ചകൾ നടത്താനും ഫലപ്രദമായ മുൻകരുതലുകൾ എടുക്കാനും താൻ വ്യക്തിപരമായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ഇസ്രായേൽ വിശ്വസിക്കില്ലെന്നും അസർ പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങളെ ഇസ്രായേൽ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“ഒക്ടോബർ 7 ന് ഇസ്രായേലിനെതിരായ പലസ്തീൻ ആക്രമണത്തിനുശേഷം പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹമാസിന്റെ പ്രവർത്തനങ്ങൾ ശക്തമാണ്. നിലവിൽ, അവിടെ രഹസ്യ ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഈ പ്രസ്ഥാനങ്ങൾ തീവ്രവാദ സംഘടനകൾക്ക് മാതൃകയായി സ്വീകരിക്കപ്പെടാനുള്ള സാധ്യതയുണ്ട്, ഇത് മറ്റ് രാജ്യങ്ങൾക്ക് അപകടമുണ്ടാക്കും. അയൽരാജ്യങ്ങളിൽ ഹമാസ് പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ആശങ്ക ഇന്ത്യയെ അറിയിച്ചതായും “ അസർ പറഞ്ഞു.

