കൊൽക്കത്ത : ഭബാനിപൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് മമത ഹൈക്കോടതിയിൽ എത്തി മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിജയത്തെ എതിർത്ത് സത്യവാങ്മൂലം സമർപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് വലിയ തിരിച്ചടി നേരിട്ടതിനുശേഷം ഇത് രണ്ടാം തവണയാണ് മമത ബാനർജി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ, മെയ് 14 ന്, വോട്ടെടുപ്പിന് ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട കേസിൽ മമത ഹൈക്കോടതിയിൽ ഹാജരായിരുന്നു.
ആ സന്ദർശനത്തിനിടെ, ഒരു വിഭാഗം അഭിഭാഷകരിൽ നിന്ന് അവർ പ്രതിഷേധം നേരിട്ടിരുന്നു . കോടതി മുറി വിട്ടപ്പോഴും , അവർക്കെതിരെ ‘കള്ളൻ’ എന്ന മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ടുണ്ട്. ഇന്ന് വീണ്ടും മമതയെ കോടതിയിൽ കണ്ടത് പലരിലും കൗതുകമുണർത്തി. തുടർന്ന് മമതബാനർജിയുടെ അഭിഭാഷകരിൽ ഒരാൾ ഭബാനിപൂർ മണ്ഡലവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി . ടിഎംസി നേതാക്കളായ കുനാൽ ഘോഷും ഡോള സെന്നും മമതയോടൊപ്പം കോടതിയിലെത്തിയിരുന്നു.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഭബാനിപൂരിൽ സുവേന്ദു അധികാരി 15,000 ത്തിലധികം വോട്ടുകൾക്കാണ് മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഇതിനെതിരെയാണ് കോടതിയിൽ മമതയുടെ സത്യവാങ്മൂലം . 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയിരുന്നു . അന്നും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്ത് മമത ഹർജി ഫയൽ ചെയ്തിരുന്നു. നന്ദിഗ്രാം കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

