കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെ. 30 കാരനാണ് കൊല്ലപ്പെട്ടത് . സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുൽതാലി പ്രദേശത്താണ് സംഭവം . കേസിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി കുൽതാലി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ-ഇൻ-ചാർജ് നിർമ്മൽ ദാസ് പറഞ്ഞു.
ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ബംഗാളി സുഹൃത്തുക്കൾക്കൊപ്പം കുൽത്താലിയിൽ എത്തിയതാണ് യുവാവ് . സമീപത്തെ മാർക്കറ്റിലേയ്ക്ക് പോയ ഇയാൾ വഴി തെറ്റി മറ്റൊരു പ്രദേശത്ത് എത്തിയിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ ഭാഷ അറിയാത്തതിനാൽ മറുപടി നൽകാനും കഴിഞ്ഞില്ല. തുടർന്ന് ഐഡി കാർഡ് ആവശ്യപ്പെട്ട് ഒരു സംഘം യുവാവിനെ മർദ്ദിക്കുകയായിരുന്നു. കയറുപയോഗിച്ച് കെട്ടിയിട്ടായിരുന്നു മർദ്ദനം .ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കുൽത്താലി പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു
മരിച്ചയാളുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബരുയിപൂരിലെ സബ്-ഡിവിഷണൽ പോലീസ് ഓഫീസർ അഭിഷേക് രഞ്ജൻ പറഞ്ഞു. “മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്, കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും,” അദ്ദേഹം പറഞ്ഞു.

