ന്യൂഡൽഹി : മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനുള്ള നാമനിർദ്ദേശം തള്ളിയത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് പ്രക്രിയയെ കോടതികൾക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അതിനുള്ള പ്രതിവിധി തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സമീപിക്കുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടത്തുന്നതിനിടയിലുള്ള ജുഡീഷ്യൽ ഇടപെടലിനെ നിയമപരമായി തടയുന്ന നിയമവ്യവസ്ഥയാണിതെന്നും ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, അതുൽ എസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. മീനാക്ഷി നടരാജനെതിരെ നിലനിൽക്കുന്ന ക്രിമിനൽകേസ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്താത്തതിനാലാണ് നാമനിർദ്ദേശം റിട്ടേണിംഗ് ഓഫീസർ നിരസിച്ചത്.
എന്നാൽ നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാനാണ് ഹർജി നൽകിയതെന്നും, തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നുമാണ് മീനാക്ഷി നടരാജനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി വാദിച്ചത്.
തർക്കത്തിന് അടിസ്ഥാനമായ പരാതി കേസിൽ ഒരു നടപടിയും സ്വീകരിക്കുകയോ കുറ്റപത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ നാമനിർദ്ദേശം നിരസിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. എന്നാൽ നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതി ഇടപെട്ട സാഹചര്യം ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ കോടതി ആവശ്യപ്പെട്ടു.തിരഞ്ഞെടുപ്പ് നടപടികളിലെ ജുഡീഷ്യൽ ഇടപെടൽ തടയുന്ന പൊന്നുസ്വാമി വിധിയിലെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചാണ് കോടതി ഹർജി തള്ളിയത്.

