കോഴിക്കോട് : നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഒരാൾ ചികിത്സയിൽ . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയ്ക്കാണ് നിപ ബാധയുണ്ടെന്ന സംശയം. ഫറോക്ക് സ്വദേശിയായ രോഗിയുടെ സ്രവം പിസിആർ പരിശോധനയ്ക്ക് അയച്ചു. വിഷയത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു.
ജന്തുജന്യരോഗമാണ് നിപ. വവ്വാലുകളും, പന്നികളുമാണ് വൈറസിന്റെ വാഹകർ . നിപ വൈറസ് ബാധയുള്ള മൃഗങ്ങളിൽ നിന്നാണ് ഇവ മനുഷ്യരിലേയ്ക്ക് എത്തുന്നത്. സുരക്ഷാമാർഗങ്ങൾ ഇല്ലാതെ രോഗിയുമായി ഇടപെട്ടാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്കും ഇത് പകരും.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം , ഉമിനീർ, മൂത്രം കലർന്ന പാനീയങ്ങൾ എന്നിവയും വവ്വാൽ കടിച്ച പഴങ്ങളും രോഗം പടരുന്നതിന് കാരണമാകും. രോഗാണുക്കൾ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പനി, ശരീരവേദന, തൊണ്ടവേദന, ചുമ, വയറിളക്കം , തലവേദന എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.
അതേസമയം വയനാട്ടിൽ ഷിഗെല്ല പടരുന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോളിയാടിയിൽ ഷിഗെല്ല പകർച്ചവ്യാധി രണ്ടാം ഘട്ടത്തിലേക്ക് കടന്നോ എന്നും ആശങ്ക ഉയരുന്നു. നേരത്തെ, സ്കൂളിലെ കുട്ടികളും അധ്യാപകരും മാത്രമാണ് രോഗലക്ഷണങ്ങൾ കാണിച്ചിരുന്നത്. ഇപ്പോൾ, ചില കുട്ടികളുടെ ബന്ധുക്കളിലും രോഗ ലക്ഷണങ്ങൾ ഉണ്ട്.

