ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ നടൻ ദർശന് ജാമ്യം ; കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത് . കൂട്ടു പ്രതി പവിത്ര ഗൗഡയ്ക്കും മറ്റ് 7 പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
നിലവിൽ ശസ്ത്രക്രിയയ്ക്കായി ഇടക്കാല ജാമ്യം കിട്ടിയ നടൻ ഇപ്പോൾ ആശുപത്രിയിലാണ് . നടുവേദനയെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് താരത്തെ. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ഫിസിയോതെറാപ്പി ചികിത്സ തുടരുമെന്നും സൂചനയുണ്ട്.
2024 ജൂൺ 9 ന് ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ ദർശനും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയിരുന്നു. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നീട് രേണുക സ്വാമിയുടെ മൃതദേഹം ബാംഗ്ലൂരിലെ കാമാക്ഷിപാളയത്തെ അഴുക്കുചാലിൽ തള്ളുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്ന് പേർ കീഴടങ്ങുകയും , ദർശന്റെ നിർദേശപ്രകാരമാണ് കൊല നടത്തിയതെന്ന് പറയുകയും ചെയ്തിരുന്നു.