തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിക്കായുള്ള മെട്രോമാൻ ഇ ശ്രീധരന്റെ നിർദ്ദേശം പരിശോധിക്കാൻ കേരള സർക്കാർ വിദഗ്ദ്ധ സമിതി രൂപീകരിച്ചു.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 473.20 കിലോമീറ്റർ ദൈർഘ്യമുള്ള കേരള ഹൈ-സ്പീഡ് റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനായി ഇ ശ്രീധരൻ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതി സംസ്ഥാന സർക്കാരിന് ഒരു തരത്തിലുള്ള ബാധ്യതയുണ്ടാക്കില്ലെന്നും, അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ഇ ശ്രീധരൻ പറഞ്ഞു.ഗതാഗത (റെയിൽവേ) സെക്രട്ടറിയാണ് വിദഗ്ദ്ധ സമിതിയുടെ തലവൻ. ദക്ഷിണ റെയിൽവേയുടെ വിരമിച്ച പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ , ജെ വിനയൻ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) ഡയറക്ടർ ധനകാര്യ വിദഗ്ധൻ ഡോ. സി. വീരമണി എന്നിവരാണ് മറ്റ് അംഗങ്ങൾ.മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്. ഗതാഗത സെക്രട്ടറിയെ സഹായിക്കുകയും കമ്മിറ്റിയുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യും
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും.രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേയ്ക്ക് പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽ വേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാകും അതിവേഗപാത കടന്ന് പോകുക.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത് . ഭൂമി ഏറ്റെടുത്ത് നിർമ്മാണം പൂർത്തിയായശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം . കൃഷിയും മറ്റ് ചെറിയ രീതിയിലുള്ള നിർമ്മാണങ്ങളും ഇതിൽ സാധ്യമാകും. എന്നാൽ വലിയ നിർമ്മാണങ്ങൾ പറ്റില്ല.
60,000 കോടിയാണ് പ്രവർത്തന ചിലവായി കണക്കാക്കുന്നത് . തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയിലുള്ള യാത്രാ സമയം മൂന്ന് മണിക്കൂറും 30 മിനിറ്റും ആണ്.സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.പദ്ധതി തുകയിൽ 36,000 കോടി കേന്ദ്രസംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം.

