കൊല്ലം : തലേദിവസം വരെ നടത്തിയ രൂക്ഷ വിമർശനം മറന്ന് സന്ദീപ് വാര്യരെ ‘ ഉത്തമ സഖാക്കളാക്കാൻ ‘ നോക്കിയവർ പാർട്ടിയിലുണ്ടെന്ന് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ രാഷ്ട്രീയത്തെ ഉപയോഗിച്ച് വർഗീയ പത്രപരസ്യം നൽകി ന്യൂനപക്ഷത്തെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ പറയുന്നു . ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു.
യുവത്വത്തിന് അവസരം നൽകാനെന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കിയത് ആന മണ്ടത്തരമാണെന്നും സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. കോർപ്പറേഷൻ ഡിവിഷനുകളിൽ പലയിടത്തും ഇപ്പോൾ ബിജെപി മുന്നേറുകയാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്ക് ദോഷമാണെന്നും വിമർശനം ഉയർന്നു.
പാർലമെന്റിൽ ഇടതുപക്ഷത്തിന് മുഖമില്ലാതായി. ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിന് വേണ്ടിയാണ് . ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു.