ന്യൂഡൽഹി: 114 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഫ്രാൻസുമായുള്ള മെഗാ പ്രതിരോധ കരാർ അന്തിമഘട്ടത്തിലേയ്ക്ക് . എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് നാല് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിൽ കരാറിനെ പറ്റിയുള്ള ചർച്ചയും ഉണ്ടാകും . റഫേൽ ഏറ്റെടുക്കൽ, പ്രതിരോധ സഹകരണം, ഭാവിയിലെ വ്യാവസായിക പങ്കാളിത്തം എന്നിവയിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
റിപ്പോർട്ടുകൾ പ്രകാരം, മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന് കീഴിലുള്ള കരാർ ചർച്ചകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യ ഫ്രാൻസിന് ഔപചാരിക അഭ്യർത്ഥന കത്ത് നൽകിയിട്ടുണ്ട്. വിലനിർണ്ണയം, ഉൽപ്പാദന ഷെഡ്യൂളുകൾ, സാങ്കേതികവിദ്യ കൈമാറ്റം, ലോജിസ്റ്റിക്സ് പിന്തുണ, വ്യാവസായിക പങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന വിശദാംശങ്ങളോടെ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഫ്രഞ്ച് അധികാരികൾ മറുപടി നൽകുമെന്നാണ് സൂചന.
മറുപടി ലഭിച്ചുകഴിഞ്ഞാൽ, രണ്ട് സർക്കാരുകളും തമ്മിലുള്ള ഔപചാരിക ചർച്ചകൾ ആരംഭിക്കും. 2016 ൽ ഫ്രാൻസുമായി ഒപ്പുവച്ച ഗവൺമെന്റ്-ടു-ഗവൺമെന്റ് കരാറിന്റെ കീഴിൽ 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യ ഇതിനകം ഏറ്റെടുത്തിരുന്നു. അംബാലയിലെയും ഹസിമാരയിലെയും പ്രധാന വ്യോമതാവളങ്ങളിൽ ഈ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്+
അടിസ്ഥാന സൗകര്യങ്ങൾ, പരിപാലന സംവിധാനങ്ങൾ, പൈലറ്റ് പരിശീലന സംവിധാനങ്ങൾ എന്നിവ ഇതിനകം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. പടിഞ്ഞാറൻ, വടക്കൻ മേഖലകളിലെ സാധ്യതയുള്ള ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് സൈന്യത്തിന് ഏറ്റവും ഫലപ്രദമാകുക റഫേലാണ്.
കരാറിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് ഇന്ത്യയിൽ ഭൂരിഭാഗം വിമാനങ്ങളും നിർമ്മിക്കാനുള്ള പദ്ധതിയാണ്. 114 വിമാനങ്ങളിൽ 90 ഓളാം എണ്ണം ഡസ്സോൾട്ട് ഏവിയേഷനും ഇന്ത്യൻ പ്രതിരോധ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ആഭ്യന്തരമായി നിർമ്മിക്കാനാണ് സാധ്യത. ശേഷിക്കുന്ന ജെറ്റുകളാകും ഫ്രാൻസിൽ നിന്ന് നേരിട്ട് എത്തിക്കുക.

