കൊച്ചി ; എറണാകുളം കലൂരിൽ നടന്നു പോകുകയായിരുന്ന പെൺകുട്ടികൾക്ക് യുവാക്കളുടെ ക്രൂരമർദ്ദനം. അക്രമിസംഘത്തിലെ മൂന്ന് പേർ പിടിയിലായി. മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരിൽ ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയതായും പരാതിയുണ്ട്. കലൂർ ചക്കാലപ്പാടം റോഡിൽ പുലർച്ചെ നാലരയോടെയാണ് സംഭവം.
പാർട്ട് ടൈം ജോലി കഴിഞ്ഞ് റോഡിലൂടെ നടന്ന് പോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ എട്ട് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദ്ദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ കഴുത്തിലും നെഞ്ചിലും പരിക്കേറ്റു.
ആശുപത്രിയിൽ മൊഴിയെടുക്കാൻ എത്തിയ പൊലീസുകാരിൽ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കി എന്നും പെൺകുട്ടി പറയുന്നു. പുലർച്ചെ പുറത്ത് പോയത് എന്തിനാണെന്നും ധരിച്ച വസ്ത്രമെന്താണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചതെന്ന് പെൺകുട്ടികൾ പറഞ്ഞു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് പേരാണ് പിടിയിലായത്.

