ആലപ്പുഴ : തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ ഉത്തരവാദിത്തം പിണറായിയ്ക്ക് മാത്രമല്ല പാർട്ടി ഓഫീസുകൾ ദല്ലാളുമാരും , കച്ചവടക്കാരും കൈയ്യടക്കി. അധികാരലഹരിയിൽ നേതാക്കളും, അണികളും സാധാരണക്കാരിൽ നിന്ന് അകന്നുവെന്നും വെള്ളാപ്പള്ളി പറയുന്നു. എസ് എൻ ഡി പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.
പിണറായിയെ ലീഡറായും, ക്യാപ്റ്റനായും, കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം തന്നെ മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപ ശരങ്ങൾ എയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് കമ്മിറ്റി മുതൽ പൊളിറ്റ് ബ്യൂറോ വരെയും പൊതുവേദിയിലും ഇതാണ് അവസ്ഥ. ചരിത്രത്തിലാദ്യമായി ഇടത് മുന്നണിയ്ക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി.
അധികാരത്തിന്റെ മധുരം നുകർന്ന് രസിച്ച് ഉല്ലസിച്ചവർ ഭരണം നഷ്ടമായി ജനങ്ങളുടെ മുന്നിലേയ്ക്ക് ഇറങ്ങേണ്ടി വന്നപ്പോൾ പരാജയത്തിന്റെ ഉത്തരവാദിത്വം ഒരാൾക്ക് മേലെ കെട്ടിവയ്ക്കുന്നതും അയാളെ വേട്ടയാടുന്നതും ശരിയല്ല .ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ 2021 ൽ ഇടത് മുന്നണി തോറ്റ് തുന്നം പാടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ രണ്ടാമതും ഉജ്വല വിജയം നേടിയത് ചെറിയ കാര്യമല്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.

