വാഷിംഗടൺ : ലബനനിലെ ഇസ്രായേൽ സൈനികനടപടിയുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ രൂക്ഷ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ട്രമ്പ് നെതന്യാഹുവിനോട് കയർത്ത് സംസാരിച്ചത്. ലെബനനിലെ ഇസ്രായേൽ കടന്നുകയറ്റത്തെ തുടർന്ന് ഇറാൻ യുഎസുമായുള്ള ചർച്ചകൾ നിർത്തി വയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെയാണ് ട്രമ്പിന്റെ രോഷ പ്രകടനം.
നെതന്യാഹു നീതികേട് കാണിച്ചതായി ട്രമ്പ് കുറ്റപ്പെടുത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനനിൽ ആക്രമണം നടത്താനുള്ള ഇസ്രായേലിന്റെ പദ്ധതി ട്രമ്പ് തടഞ്ഞതായും പറയപ്പെടുന്നു.‘ നിനക്ക് ഭ്രാന്താണ് . ഞാനില്ലായിരുന്നുവെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ . ഞാൻ നിന്റെ ജീവൻ രക്ഷിക്കുകയാണ് . എല്ലാവർക്കും നിന്നോട് വെറുപ്പാണ് ‘ എന്നും ട്രമ്പ് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു.
ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം നടത്തുന്നുവെന്നും , സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശമുണ്ടേന്നും ട്രമ്പ് നേരത്തെ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ നെതന്യാഹു അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് ട്രമ്പ് കരുതുന്നതെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. ലെബനനിലെ സാധാരണ ജനങ്ങളുടെ മരണങ്ങളിൽ ട്രമ്പിന് ആശങ്കയുണ്ടെന്നും അനാവശ്യമായ വ്യോമാക്രമണങ്ങളെ അദ്ദേഹം എതിർക്കുന്നുണ്ടെന്നും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.

