തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ ആക്രമിച്ചതായി പരാതി നൽകി.സംസ്ഥാന പോലീസ് മേധാവിക്കാണ് പരാതി നൽകിയത്.
മെയ് 30 ന് വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം മടങ്ങുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ആക്രമിച്ചതായി ആരോപിച്ച് എകെജി സെന്ററിലെ ജീവനക്കാരനായ അനൂപ് പികെയാണ് പരാതി നൽകിയത്. പിണറായി വിജയനെ തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിൽ കയറ്റി വിടാൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം KL 01 CR 4291 എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനത്തിലാണ് അദ്ദേഹം സ്റ്റേഷനിലേക്ക് പോയത്.
പിണറായി വിജയൻ വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം , കാർ പാർക്ക് ചെയ്യാൻ ശ്രമിച്ച അനൂപിനെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെന്നും അധിക്ഷേപിച്ചെന്നും , ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.ജയൻ, ശരത്ത് എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ പേര് പരാതിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. അവർ തന്നെ കഴുത്തിൽ പിടിച്ച് തള്ളിയെന്നും ഇത് തനിക്ക് കടുത്ത ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും അനൂപ് പറയുന്നു .

