തൃശൂർ ; ബീക്കൺ ലൈറ്റിട്ട് വന്ന ആംബുലൻസ് പരിശോധിച്ച പൊലീസിന് ലഭിച്ചത് 250 ഗ്രാമോളം എം ഡി എം എ . ഇന്ന് രാവിലെ വാണിയമ്പാറയിലാണ് സംഭവം . അഞ്ചേരി സ്വദേശികളായ ഫെയ്ത്ത് , സന്ദീപ് എന്നിവർ സഞ്ചരിച്ചിരുന്ന ഷാരോൺ എന്ന ആംബുലൻസിൽ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖിനാണ് ആംബുലൻസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന സന്ദേശം ലഭിച്ചത് . തുടർന്നാണ് പൊലീസ് വാഹനപരിശോധന നടത്തിയത്.
തൃശൂർ ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും, ഹൈവേ പൊലീസും ചേർന്നായിരുന്നു പരിശോധന . ബീക്കൺ ലൈറ്റിട്ട് വന്ന ആംബുലൻസ് പരിശോധിച്ചപ്പോൾ രോഗി ഉണ്ടായിരുന്നില്ല. രോഗി ഇല്ലാതെ ബീക്കൺ ലൈറ്റ് എന്തിന് ഇട്ടെന്ന് ചോദിച്ചപ്പോൾ സന്ദീപ് പരുങ്ങുന്നുണ്ടായിരുന്നു.
ബെംഗളൂരുവിൽ മൃതദേഹം കൊണ്ടെത്തിച്ചിട്ട് വരികയാണെന്നായിരുന്നു മറുപടി. എന്നാൽ മരിച്ചയാളിന്റെ പേരും , വിവരങ്ങളും ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ല . തുടർന്ന് നടത്തിയ പരിശോധനയിൽ ഡ്രൈവറുടെ കാബിന്റെ മുകളിൽ മാറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തുകയായിരുന്നു. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

