ഡബ്ലിൻ: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായും ലിയോ പതിനാലാമൻ മാർപ്പാപ്പയുമായും കൂടിക്കാഴ്ച നടത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്നലെ ആയിരുന്നു പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഇറ്റലിയിൽ എത്തിയത്. വത്തിക്കാനിൽ വച്ച് മാർപ്പാപ്പയുമായും റോമിൽ വച്ച് മെലോണിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ജൂലൈയിൽ യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഏറ്റെടുക്കുകയാണ്. ഇതിന് മുന്നോടി ആയിട്ടാണ് മീഹോൾ മാർട്ടിന്റെ ഇറ്റലി സന്ദർശനം. യൂറോപ്പിലുടനീളമുള്ള ഊർജ്ജ ചിലവിനെക്കുറിച്ച് മീഹോൾ മാർട്ടിൻ മെലോണിയുമായി ചർച്ച നടത്തി. ദീർഘനേരം ചർച്ചകൾ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി. യുക്രെയ്ൻ സംഘർഷത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഗാസയ്ക്ക് ഇറ്റലി നൽകുന്ന സഹായത്തെ അദ്ദേഹം പ്രശംസിച്ചു.
മാർപ്പാപ്പയുമായി 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ആയിരുന്നു മീഹോൾ മാർട്ടിൻ നടത്തിയത്. മിഡിൽ ഈസ്റ്റിലെ സംഘർഷ സാഹചര്യവും മാർപ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലും ചർച്ചാ വിഷയമായി.

