ഇസ്ലാമാബാദ് : ഏത് നിമിഷവും അജ്ഞാതൻ തേടിയെത്താമെന്ന ഭീതിയിലാണ് പാകിസ്ഥാനിലെ ഭീകരർ . പുൽവാമ ഭീകരാക്രമണകേസിലെ സൂത്രധാരനായ ഹംസ ബുർഹാൻ കഴിഞ്ഞ ദിവസമാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് . ബുർഹാന്റെ ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദീൻ, അൽ ബദർ മേധാവി ബഖ്ത് സമീൻ ഖാൻ എന്നിവരടക്കം എത്തിയിരുന്നു. മരണഭീതിയിൽ എ കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങളും കയ്യിൽ കരുതിയാണിവർ എത്തിയത് .
പാക് അധീന കശ്മീരിലെ മുസഫറാബാദിൽ വച്ചാണ് ഹംസ കൊല്ലപ്പെട്ടത് . ഇസ്ലാമാബാദിലായിരുന്നു അർജുമന്ദ് ഗുൽസാർ ദാർ എന്നറിയപ്പെടുന്ന ഹംസയുടെ ശവസംസ്ക്കാര ചടങ്ങുകൾ നടന്നത് .ഭീകരർ മാത്രമല്ല പാക് ഐ എസ് ഐയുമായി ബന്ധമുള്ളവരും സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തുവെന്നാണ് പുറത്തു വന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് .
അൽ-ബദർ തലവൻ ബഖ്ത് സമീൻ ഖാനെ ചുറ്റി കനത്ത സുരക്ഷാവലയം തന്നെ ഉണ്ടായിരുന്നു . എകെ-47 റൈഫിളുകളും മറ്റ് അത്യാധുനിക ആയുധങ്ങളും വഹിച്ചുകൊണ്ട് ആയുധധാരികളായ സമീർ ഖാന്രെ സമീപം നിലയുറപ്പിച്ചിരുന്നു. പാകിസ്ഥാനിലും പിഒകെയിലും അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയേറെ സുരക്ഷ .
2019 ഫെബ്രുവരിയിൽ 40-ലധികം സിആർപിഎഫ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് ബുർഹാൻ. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ രത്നിപോറയിൽ താമസിക്കുന്ന ബുർഹാൻ പിന്നീട് പാകിസ്ഥാനിലേക്ക് കടന്ന് അൽ-ബദർ ഭീകര സംഘടനയിൽ ചേരുകയായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2022 ൽ ഹംസയെ തീവ്രവാദിയായി പ്രഖ്യാപിച്ചു. യുവാക്കളെ തീവ്രവാദികളാക്കുന്നതിലും, പ്രവർത്തകരെ റിക്രൂട്ട് ചെയ്യുന്നതിലും, പാകിസ്ഥാനിൽ നിന്ന് അൽ-ബദറിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിലും ബുർഹാൻ പ്രധാന പങ്കുവഹിച്ചിരുന്നു. സമീപ വർഷങ്ങളിൽ, പിഒകെയിൽ ഒളിവിൽ താമസിച്ച് അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ഹംസ ബുർഹാൻ . ഇസ്ലാമാബാദിൽ നിന്ന് 135 കിലോമീറ്റർ അകലെയുള്ള മുസാഫറാബാദിലെ സ്വകാര്യ കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയായിരുന്നു ഹംസ . വ്യാഴാഴ്ച രാവിലെ കോളേജ് പരിസരത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ബുർഹാൻ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. തലയിൽ മൂന്ന് വെടിയുണ്ടകൾ ഏറ്റിരുന്നു.
.

