കൊച്ചി: ചാൻസലറായ ഗവർണറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാൻ സർവകലാശാല സിൻഡിക്കേറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി . അച്ചടക്ക നടപടികളിൽ അപ്പീൽ അധികാരിയായ ചാൻസലറുടെ ഉത്തരവുകൾ നടപ്പിലാക്കാൻ സിൻഡിക്കേറ്റ് ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാലയിലെ ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കിയ ചാൻസലറുടെ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. സ്ഥാപനത്തിലെ അധികാര
ശ്രേണിയും അച്ചടക്കവും പാലിക്കാൻ സിൻഡിക്കേറ്റ് ബാധ്യസ്ഥമാണ്. അതിനാൽ, ഉന്നത അധികാരിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ല. ചാൻസലറുടെ ഉത്തരവ് പൂർണ്ണമായും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കിൽ മാത്രമേ കോടതിയെ സമീപിക്കാൻ കഴിയൂ എന്നും വിധിയിൽ പറയുന്നു.
സർവകലാശാല ഓഫീസുകളിൽ ലോക്കൽ ഏരിയ നെറ്റ്വർക്ക് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ പ്രക്രിയയിൽ ക്രമക്കേടുകൾ നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് എഞ്ചിനീയർക്കെതിരെയുള്ള ആരോപണം. അഞ്ച് വർഷത്തേക്ക് ജൂനിയർ എഞ്ചിനീയർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ തരംതാഴ്ത്തി തുക തിരിച്ചുപിടിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
എന്നാൽ, അപ്പീലിൽ, ചാൻസലർ ഈ നടപടി റദ്ദാക്കി. ഇതാണ് സർവകലാശാലയിലെ അധികാരത്തർക്കത്തിലേയ്ക്ക് നയിച്ചത്. അതേസമയം, സർവകലാശാലയ്ക്കുണ്ടായ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അറിയാൻ വിജിലൻസ് അന്വേഷണം ശക്തമാക്കാനും കുറ്റവാളികളെ കണ്ടെത്താനും തുക തിരിച്ചുപിടിക്കാനും കോടതി സംസ്ഥാന സർക്കാരിനോടും സർവകലാശാലയോടും നിർദ്ദേശിച്ചു.

